Friday, October 3, 2008

അനിമല്‍ പ്ലാനെറ്റിന്റെ പുതിയ ലോഗോ?

പുതിയ ലോഗോ സാമാന്യം ബോറായിട്ടില്ലേ? പഴയ ലോഗോക്ക് ചാനലിന്റെ സ്വഭാവവുമായി നല്ല താദാത്മ്യം ഉണ്ടായിരുന്നു. കാണാനും ഒരു ഐശ്വര്യമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോക്ക് ഇതു രണ്ടും അവകാശപ്പെടാനില്ല. എന്തുദ്ദേശത്തിലാണ് ഇത്തരം ഒരു മാറ്റം എന്നറിയുന്നില്ല...

Friday, June 13, 2008

നാണയപ്പെരുപ്പം റിക്കാര്‍ഡുകള്‍ ഭേദിക്കട്ടെ

നാണയപ്പെരുപ്പം മുന്‍-റിക്കാര്‍ഡുകള്‍ തകര്‍ത്തു കുതിച്ചുകയറുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ അടുത്ത ആഴ്ചതന്നെ രണ്ടക്കത്തില്‍ എത്തും എന്നാണു പ്രവചനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണു ഇതിനു ഇന്ധനമായതെന്നു പറയുന്നു. കാര്യങ്ങളുടെ പോക്ക് ഈ നിലയ്ക്കാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ മൂന്നാക്കത്തില്‍ എത്തുന്നതുകൂടെ കാണാന്‍ നമുക്കു ഭാഗ്യം ലഭിക്കുമെന്നു കരുതാം.

Monday, June 9, 2008

ബസ്സ് ചാര്‍ജ്ജ് വര്‍ധനക്കു മുന്‍പൊരു പതിവു നാടകം

ഉപ്പുതൊട്ടു കര്‍പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വില കത്തിനില്‍ക്കുന്നതിനിടക്കു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുകൂടെ വില ഉയര്‍ന്നതോടുകൂടി ബസ്സ് ചാര്‍ജ്ജുവര്‍ധനയോടനുബന്ധിച്ചുള്ള ഒരു പതിവു നാടകത്തിനു കൂടെ അരങ്ങൊരുങ്ങുകയാണ്. പതിവുപോലെ ആദ്യം ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ഒന്നുരണ്ടാഴ്ചക്കകം തന്നെ പ്രതീക്ഷിക്കാം. തുടര്‍ന്നു 2-3 ആഴ്ചകള്‍ക്കു ശേഷം അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കു തുടങ്ങുകയായി. അത് ഏകദേശം 10-14 ദിവസം (മുന്‍പെല്ലാം 4-5 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ) തുടരും. അവസാനം സര്‍ക്കാരും ബസ്സുടമകളും ‘ജനങ്ങളുടെ’ ബുദ്ധിമുട്ടൊഴിവാക്കാന്‍ പരസ്പരം കണ്ടമാനം വിട്ടുവീഴ്ചകള്‍ക്കു വഴങ്ങി നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പത്രങ്ങളിലേക്കായി ഒരു ഫോട്ടോവിനു പോസുചെയ്ത് പിരിയും. ഇത് കഴിഞ്ഞ 10 വര്‍ഷത്തോളമായി സ്ഥിരമായി അരങ്ങേറാറുള്ളതാണ്. ഇത്തരം ഒരു അഭ്യാസത്തിനു പകരം ബസ്സുടമകളും മന്ത്രിയും പരിവാരങ്ങളും കൂടെ ചര്‍ച്ചചെയ്ത് ഒരു ന്യായമായ നിരക്കുവര്‍ധന നടപ്പാക്കുകയാണെങ്കില്‍ ഇത്രയും ദിവസത്തെ ജനങ്ങളുടെ ദുരിതം ഒഴിവാക്കാമായിരുന്നു. പക്ഷെ അപ്പോള്‍ മന്ത്രി ബസ്സുടമകളുടെ കയ്യില്‍ നിന്നും കോഴവാങ്ങി ചാര്‍ജ്ജുവര്‍ദ്ധനക്കു കൂട്ടുനിന്നു എന്നു പ്രതിപക്ഷം വിളിച്ചുകൂവും; അതു കേള്‍ക്കുമ്പോള്‍ ജനത്തിനും സംശയമാവും. എന്നാല്‍ പൊതുജനം കുറച്ചു ദിവസം ദുരിതം അനുഭവിച്ചാല്‍ ചാര്‍ജ്ജ് എത്ര കൂടിയാലും കുഴമില്ല, സമരം ഒന്നു ഒഴിവായിക്കിട്ടിയാല്‍ മതി എന്നു വിലപിക്കുവാന്‍ തുടങ്ങും. അത്തരത്തില്‍ ജനങ്ങളെ ഒന്നു പരുവപ്പെടുത്തിയെടുക്കാനാണു ഈ പതിവു കലാപരിപാടി. കേട്ടിട്ടില്ലേ: ‘പൊതുജനം കഴുത’.

Thursday, May 22, 2008

മാല്‍തൂഷ്യന്‍ സിദ്ധാന്തം മനുഷ്യനും ബാധകം

പണ്ട് ഡിഗ്രിക്ലാസ്സുകളില്‍ മാല്‍തൂഷ്യന്‍ തിയറി പഠിച്ചതായി ഓര്‍ക്കുന്നു. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തില്‍പെട്ട ജീവജാലങ്ങള്‍ അമിതമായി പെരുകുകയാണെങ്കില്‍ അവയേ നിയന്ത്രിക്കുവാനായി പ്രകൃതിയുടെ സ്വന്തമായ ചില നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിക്ഷോഭം, ഭക്ഷ്-യക്ഷാമം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരം നിയന്ത്രണം നടപ്പിലാക്കുന്നത്. മനുഷ്യവര്‍ഗ്ഗം മാത്രമാണു ഇതിനൊരു അപവാദമായി തുടരുന്നത്. ബുദ്ധിപരമായ മുന്നോക്കാവസ്ഥ മുതലെടുത്തുകൊണ്ട് നടത്തിയ വളര്‍ച്ചയാണ് ഇതിനു കാരണം. പക്ഷെ ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കുകാണ്ടാല്‍ നമുക്കും വലിയ രക്ഷയൊന്നുമില്ല എന്നാണു തോന്നുന്നത്, അതായത് നമ്മളും ഈ നിയമത്തിനു വിധേയരാണ്. ലോകമൊട്ടുക്ക്, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും, ഭക്ഷ്-യസുരക്ഷയേ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും, ആഗോളതാപനവും, കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ പുതിയ രോഗങ്ങളും, പ്രകൃതിയില്‍നിന്നും അകന്നു പോകുന്ന ജീവിതരീതികളും എല്ലാം നമ്മളേയും ഈ പ്രകൃതിനിയമത്തിനു വിധേയരാക്കാനാണു സാധ്യത എന്നു തോന്നുന്നു. ഡൈനസോറുകള്‍ക്കു സംഭവിച്ചത് നമുക്കും സംഭവിക്കാതിരിക്കട്ടെ.

Tuesday, May 20, 2008

പുതുതലമുറ സ്വാമിമാര്‍ക്ക് ഇപ്പോള്‍ കഷ്ടകാലം

പയറ്റിത്തെളിഞ്ഞ പഴയ സ്വാമിമാരുടേയും അമ്മമാരുടേയും പോലെയല്ല (അവരേ തൊടന്‍ ആരും ധൈര്യപ്പെടില്ല); പുതിയ തലമുറയില്‍പെട്ട സ്വാമിമാര്‍ക്ക് ഇപ്പോള്‍ ഒരു കഷ്ടകാലമാണ്. ശിഷ്യഗണങ്ങളുടെ വിവിധ പ്രശ്നങ്ങളില്‍ മുഴുകിപോയതിനിടക്കു അവര്‍ക്കു കഷ്ടകാലം വന്നുചാടിയത് ആരും കണ്ടില്ല. അതുകൊണ്ട് ഉടനേതന്നെ ഒരു ശക്തമായ സംഘടന തട്ടിക്കൂട്ടി, വേണമെങ്കില്‍ അഖിലകേരള ചെറുകിട സ്വാമി ക്ഷേമ സംഘടന എന്നോ മറ്റോ പേരും നല്‍കാം, ധാരാളം പണമിറക്കന്‍ സൌകര്യമുള്ളതുകൊണ്ടും രാഷ്ട്രീയക്കാര്‍, പോലീസുകാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ എന്നിവരെ സ്വാധീനിക്കാനും സൌകര്യമാണ്. ഒത്താല്‍ ഭരണരംഗത്തും ഒന്നു പയറ്റി നോക്കാം. ഉടനേ എന്തെങ്കിലും ചെയ്തേ പറ്റൂ...

Friday, April 11, 2008

വെല്‍ക്കംടോണ്‍ ഒരു ചെലവാളി

എനിക്ക് ടാറ്റാഫോണിന്റെ ഒരു പോസ്റ്റ്പെയ്ഡ് കണക്ഷന്‍ ഉണ്ട്. വ്യക്തമായ ശബ്ദവും മറ്റുമായി ഉപയോഗിക്കാന്‍ നല്ല സുഖമുള്ള നെറ്റ്വര്‍ക്കായതുകൊണ്ട് വളരെ ഇഷ്ടമായി. ആരെങ്കിലും ഒരു പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇതെടുക്കാനാണ് ഞാന്‍ ശുപാര്‍ശചെയ്യുന്നത്. പക്ഷെ അതില്‍ റിംഗ്ബാക്ക് ടോണ്‍ ഉപയോഗം മാത്രം നല്ലൊരു വിനയാണ്. ഫോണ്‍ ചെയ്ത് ഇന്ററാക്റ്റീവ് സംവിധാനത്തിലൂടെ മാത്രമെ ടോണ്‍ സെറ്റ് ചെയ്യാന്‍ പറ്റൂ. പ്രസ്തുത നമ്പറിലേക്കു വിളിച്ചാല്‍ മിനിറ്റിനു 6 രൂപ പ്രകാരം ചാര്‍ജ്ജുചെയ്യും. നമുക്കിഷ്ടപ്പെട്ട ഒരു ടോണ്‍ സെറ്റുചെയ്യാന്‍ ഏകദേശം15 മിനിറ്റെടുക്കും. അപ്പോഴെക്കും അടുത്ത മാസത്തെ ബില്ലില്‍ 100 രൂപയോളം കൂടും. ഇനി പാട്ട് വേണ്ടെന്നു വയ്ക്കാം എന്നു കരുതിയാലും ഇത്രതന്നെ ചിലവാകും. കാരണം അതിനും അതേ നമ്പറില്‍ തന്നെ വിളിക്കണം. അതുകൊണ്ട് ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ടോണ്‍ തന്നെ തുടര്‍ന്നു കൊണ്ടു പോവുകയാണ്, മാറ്റിയിട്ടുമില്ല ഒഴിവാക്കിയിട്ടുമില്ല. എന്നാല്‍ വോഡാഫോണ്‍, ബി എസ് എന്‍ എല്‍ എന്നിവയിലെല്ലാം ഓരോ മെസ്സേജിന്റെ കാര്യമേ ഈ രണ്ട് ആവശ്യങ്ങള്‍ക്കും വേണ്ടിവരുന്നുള്ളു. അതുകൊണ്ട് വെല്‍കം ടോണിനേപറ്റി ചിന്തിക്കാതിരിക്കുകയാണു ഉചിതം.കൂടാതെ സിം ഇല്ലാത്ത മോഡല്‍ ഫോണുകള്‍ ലഭ്യമാണെങ്കിലും, അതും വാങ്ങരുത്. കാരണം എങ്ങാനും ഒരു റിപ്പയര്‍ വേണ്ടിവരുകായാണെങ്കില്‍ സേവുചെയ്ത നമ്പറുകളെല്ലം നഷ്ടപ്പെടും. കൂടാതെ റിപ്പയറിനു ശേഷം ഒരു MIN നമ്പറോ മറ്റോ അവരുടെ നെറ്റ്വര്‍ക്കില്‍ നിന്നും കയറ്റിയാല്‍ മാത്രമേ പ്രവര്‍ത്തനക്ഷമമാകൂ. എനിക്ക് ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരാഴ്ച കഴിഞ്ഞശേഷം മാത്രമേ പ്രവര്‍ത്തനക്ഷമമായുള്ളു.

Wednesday, March 19, 2008

ഒരു വോട്ടുചെയ്യുമ്പോള്‍...

ടാറ്റാ ടീയുടെ ഒരു പരസ്യം ഈയിടെ ടീവിയില്‍ കണ്ടു. ഒരു പ്രാവശ്യം മാത്രമെ അതു കാണുവാന്‍ പറ്റിയുള്ളു എങ്കിലും അതിലെ ആശയം എന്നെ പെട്ടെന്നു ആകര്‍ഷിച്ചു. സിനിമാസ്കോപ്പില്‍ ചിരിച്ചുകൊണ്ടു വന്നു വോട്ടു ചോദിച്ചുവരുന്ന ഒരു സ്ഥാനാര്‍ഥിയോട് ഒരു വോട്ടര്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതയേപറ്റി ചോദിക്കുന്നതും സ്ഥാനാര്‍ഥി പതിവുപോലെ ഉരുണ്ടുകളിക്കുന്നതും അപ്പോള്‍ നമ്മുടെ വോട്ടര്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി ഒരു വിശദീകരണം നല്‍കുന്നതുമാണ് പരസ്യത്തിന്റെ ഏകദേശ രൂപം. ഈ കൊച്ചു പരസ്യത്തിലെ ആശയം നമ്മുടെയെല്ലം കണ്ണു തുറപ്പിക്കേണ്ടതാണ്. ഏതെങ്കിലും ഒരു കൊടിയുടെ കീഴില്‍ മത്സരക്കളരിയില്‍ ഇറങ്ങുന്ന ഏതു മണ്ടനും വോട്ട് ചോദിക്കനും നാം ഇടംവലം നോക്കതെ നല്‍കാന്‍ ബാധ്യസ്ഥനും ആണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതിനൊരു മാറ്റം വരണം. ഒന്നുകില്‍ വോട്ടര്‍മാരായ നാം കുറേക്കൂടെ പക്വത വോട്ട് നല്‍കുമ്പോള്‍ കാണിക്കണം. അല്ലെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ നടപ്പിലാക്കണം. അതിനു ശേഷനേപോലെ ഒരു കടുവതന്നെ വരണം.
കൂടതെ വോട്ടിങ്ങ് ശതമാനത്തിന്റെ കാര്യത്തിലും ഒരു നയം വേണ്ടതുണ്ട്. ഇപ്പോഴത്തെ നിലക്ക് ഒരു തെരഞ്ഞെടുപ്പില്‍ 60% പേര്‍ വോട്ടു ചെയ്യുകയും അതില്‍ നാലു സ്ഥാനാര്‍ത്ഥികള്‍ക്കായി മൊത്തം വോട്ടിന്റെ 25%, 20%, 10%, 5% എന്നിങ്ങനെ വോട്ടു വീതിക്കുകയും ചെയ്താല്‍ വെറും കാല്‍ഭാഗം ജനങ്ങളുടെ താല്പര്യം മാത്രമാണ് ഫലം കാണുന്നത്. 95% പോളിംഗ് എങ്കിലും നടന്നാലേ സാധുവായി കണക്കാക്കുകയുള്ളു എന്ന ഒരു നിയമമുണ്ടെങ്കില്‍ സ്ഥാനാര്‍ഥികള്‍തന്നെ ഓടിനടന്നു പരമാവധി വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും തന്മൂലം വ്യക്തമായ ഒരു ജനാഭിപ്രായം ഉരുത്തിരിഞ്ഞു വരുകയും ചെയ്യും. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കള്ളവോട്ടുമൂലം ഇത് അത്ര ഫലപ്രദമാകില്ലെങ്കിലും കാലം കൊണ്ട് അവിടേയും ഗുണം കിട്ടും, ഇവിടെയാണു വിദ്യാഭ്യാസത്തിന്റെ പ്രസക്തി. ചില വിദേശരാജ്യങ്ങളിലേ പോലെ വോട്ടിങ് പൌരന്റെ നിയമപരമായ ഒരു കടമയായി നിയമം കൊണ്ടു വന്നാലും സ്തിതിഗതികള്‍ മെച്ചപ്പെടുത്താം. ക്യൂ നിന്നു വോട്ടുചെയ്യുന്നത് ഒരു ദുരഭിമാനമായി കണക്കാവര്‍ക്കായി ഇന്റെര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതും നല്ലതാണ്. പ്രവാസികള്‍ക്കും ഇതു ഗുണം ചെയ്യും.

Monday, January 28, 2008

വേണ്ടേ രാഷ്ട്രീയക്കാര്‍ക്കും ഒരു വിശ്രമം...

സര്‍ക്കാര്‍ ജോലിക്കാരില്‍ താഴേത്തട്ടു മുതല്‍ മേലേത്തട്ടു വരെ എല്ലാവര്‍ക്കും ഒരു പ്രായം കഴിഞ്ഞാല്‍ റിട്ടയര്‍മെന്റ് എന്ന പേരില്‍ നിര്‍ബ്ബന്ധിത വിശ്രമം അനുവദിക്കുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാരുടെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് അധികാരസ്ഥാനങ്ങളില്‍ കയറിപറ്റാന്‍ കഴിയുന്നതുതന്നെ 50 വയസ്സിനുശേഷമാണ്. അതിഭാഗ്യവാന്മാര്‍ക്കു മാത്രമേ അതിനു മുന്‍പ് ഈ യോഗം ലഭിക്കാരുള്ളു, കാരണം ലളിതം, സ്ഥാനമാനങ്ങള്‍ മുഴുവന്‍ അവരുടെ മുന്‍-ഗാമികളായ വൃദ്ധന്മാര്‍ കൈയ്യടക്കി വച്ചിരിക്കുകയാരിക്കും. ജനങ്ങളേ സേവിച്ചു സേവിച്ചു നടുവൊടിഞ്ഞുപോയ അവര്‍ക്കും വേണ്ടെ ഒരു വിശ്രമം? മന്ത്രിമാരേപോലും തെരഞ്ഞെടുക്കാന്‍ യോഗ്യരായ MLA, MP സ്ഥാനങ്ങള്‍ക്കു മത്സരിക്കുന്നവര്‍ക്കു ഒരു പ്രായപരിധി, തുടക്കത്തില്‍ ഏകദേശം 60-65 വയസ്സും തുടര്‍ന്നു 50-55 വയസ്സും, നിശ്ചയിക്കുകയാണെങ്കില്‍ നമുക്കു കുറേകൂടി ‘ചെറുപ്പക്കാരായ’ മുഖ്യമന്ത്രിമാരേയും പ്രധാനമന്ത്രിമാരേയും ലഭിക്കും. ചെറുപ്പക്കാരനായ ഒരു പ്രധാനമന്ത്രിയേ കിട്ടുകയാണെങ്കിലുള്ള ഗുണം രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് നാം അനുഭവിച്ചതാണല്ലോ? ചില കാര്യങ്ങളില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും വളരേ ഊര്‍ജ്ജസ്വലമായ ഒരു ഭരണമായിരുന്നു അത്. ഇപ്പോഴത്തേ പല മന്ത്രിവയോധികന്മാര്‍ക്കും, അനുഭവസംബത്ത് ഒരു മുതല്‍ക്കൂട്ടാണെന്നു സമ്മതിച്ചാലും, പ്രായാധിക്ക്യം മൂലമുള്ള ശാരീരികാസ്വാസ്ഥ്യങ്ങളും ഓര്‍മക്കുറവും പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുവാനുള്ള ബുദ്ധിമുട്ടുകളും മൂലം നമുക്ക് അവര്‍ ഒരു ബാധ്യതയായി തീരുകയാണ്.ഇതേസംബന്ധിച്ച് ഒരു തീരുമാനമെടുക്കേണ്ടതു പോലും ഈവയോധികന്‍മാര്‍ക്കു മുന്‍-തൂക്കമുള്ള സമിതികളാണ്.
പൂച്ചക്കാരു മണികെട്ടും എന്നതാണു ഇപ്പോഴത്തേ പ്രശ്നം. സുപ്രീം കോടതി വിചാരിച്ചാല്‍ എന്തെങ്കിലും നടക്കുമോ?നാം പൊതുജനം വിചാരിച്ചാലും നടക്കും, പക്ഷേ.....

Sunday, January 13, 2008

ഇനിയ പൊങ്കല്‍ നല്‍-വാഴ്ത്തുക്കള്‍...

എല്ലാ തമിഴ് സുഹൃത്തുക്കള്‍ക്കും എന്റെ സ്നേഹം നിറഞ്ഞ പൊങ്കല്‍ ആശംസകള്‍...

Saturday, January 12, 2008

എഡ്മണ്ട് ഹില്ലാരിക്കു ആത്മശാന്തി നേരുന്നു...

എഡ്മണ്ട് ഹില്ലാരി എന്ന പ്രതിഭാധനനും സാഹസികനുമായ മഹാത്മാവിനു ആത്മശാന്തി നേരുന്നു...

Tuesday, January 8, 2008

ക്യാമ്പസ്സിലെ തോക്ക് സംസ്കാരം...

സാമ്പത്തിക-സാങ്കേതിക മേഖലകളിലൊന്നും നമുക്ക് അമേരിക്കയുടെ ഏഴയലത്തെത്താന്‍ പറ്റിയില്ലെങ്കിലും ക്യാമ്പസ്സിലെ തോക്ക് സംസ്കാരത്തില്‍ നമ്മളും ഇപ്പോള്‍ അമേരിക്കക്കു തോളോടുതോള്‍ നില്‍ക്കാന്‍ യോഗ്യത നേടിയതില്‍ അഭിമാനിക്കാം...

Monday, January 7, 2008

ഗാന്ധിജിയുടേ നിര്‍ദേശം നടപ്പിലാവുന്നു...

സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സ് പാര്‍ടി പിരിച്ചുവിടാന്‍ ആയിരുന്നു ഗാന്ധിജിക്കു മോഹം എന്നു കേട്ടിട്ടുണ്ട്.
ഇപ്പോഴത്തേ പാര്‍ടി പ്രസിഡന്റ് സോണിയാ ഗാന്ധി അദ്ദേഹത്തിന്റെ മോഹം സഫലമാക്കുവാനാണു ശ്രമിക്കുന്നതെന്നു തോന്നുന്നു. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രകടനം ഇങ്ങനെ ഒരു സൂചനയാണു തരുന്നത്...