Friday, October 3, 2008

അനിമല്‍ പ്ലാനെറ്റിന്റെ പുതിയ ലോഗോ?

പുതിയ ലോഗോ സാമാന്യം ബോറായിട്ടില്ലേ? പഴയ ലോഗോക്ക് ചാനലിന്റെ സ്വഭാവവുമായി നല്ല താദാത്മ്യം ഉണ്ടായിരുന്നു. കാണാനും ഒരു ഐശ്വര്യമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോക്ക് ഇതു രണ്ടും അവകാശപ്പെടാനില്ല. എന്തുദ്ദേശത്തിലാണ് ഇത്തരം ഒരു മാറ്റം എന്നറിയുന്നില്ല...

Friday, June 13, 2008

നാണയപ്പെരുപ്പം റിക്കാര്‍ഡുകള്‍ ഭേദിക്കട്ടെ

നാണയപ്പെരുപ്പം മുന്‍-റിക്കാര്‍ഡുകള്‍ തകര്‍ത്തു കുതിച്ചുകയറുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ അടുത്ത ആഴ്ചതന്നെ രണ്ടക്കത്തില്‍ എത്തും എന്നാണു പ്രവചനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണു ഇതിനു ഇന്ധനമായതെന്നു പറയുന്നു. കാര്യങ്ങളുടെ പോക്ക് ഈ നിലയ്ക്കാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ മൂന്നാക്കത്തില്‍ എത്തുന്നതുകൂടെ കാണാന്‍ നമുക്കു ഭാഗ്യം ലഭിക്കുമെന്നു കരുതാം.

Monday, June 9, 2008

ബസ്സ് ചാര്‍ജ്ജ് വര്‍ധനക്കു മുന്‍പൊരു പതിവു നാടകം

ഉപ്പുതൊട്ടു കര്‍പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വില കത്തിനില്‍ക്കുന്നതിനിടക്കു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുകൂടെ വില ഉയര്‍ന്നതോടുകൂടി ബസ്സ് ചാര്‍ജ്ജുവര്‍ധനയോടനുബന്ധിച്ചുള്ള ഒരു പതിവു നാടകത്തിനു കൂടെ അരങ്ങൊരുങ്ങുകയാണ്. പതിവുപോലെ ആദ്യം ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ഒന്നുരണ്ടാഴ്ചക്കകം തന്നെ പ്രതീക്ഷിക്കാം. തുടര്‍ന്നു 2-3 ആഴ്ചകള്‍ക്കു ശേഷം അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കു തുടങ്ങുകയായി. അത് ഏകദേശം 10-14 ദിവസം (മുന്‍പെല്ലാം 4-5 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ) തുടരും. അവസാനം സര്‍ക്കാരും ബസ്സുടമകളും ‘ജനങ്ങളുടെ’ ബുദ്ധിമുട്ടൊഴിവാക്കാന്‍ പരസ്പരം കണ്ടമാനം വിട്ടുവീഴ്ചകള്‍ക്കു വഴങ്ങി നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പത്രങ്ങളിലേക്കായി ഒരു ഫോട്ടോവിനു പോസുചെയ്ത് പിരിയും. ഇത് കഴിഞ്ഞ 10 വര്‍ഷത്തോളമായി സ്ഥിരമായി അരങ്ങേറാറുള്ളതാണ്. ഇത്തരം ഒരു അഭ്യാസത്തിനു പകരം ബസ്സുടമകളും മന്ത്രിയും പരിവാരങ്ങളും കൂടെ ചര്‍ച്ചചെയ്ത് ഒരു ന്യായമായ നിരക്കുവര്‍ധന നടപ്പാക്കുകയാണെങ്കില്‍ ഇത്രയും ദിവസത്തെ ജനങ്ങളുടെ ദുരിതം ഒഴിവാക്കാമായിരുന്നു. പക്ഷെ അപ്പോള്‍ മന്ത്രി ബസ്സുടമകളുടെ കയ്യില്‍ നിന്നും കോഴവാങ്ങി ചാര്‍ജ്ജുവര്‍ദ്ധനക്കു കൂട്ടുനിന്നു എന്നു പ്രതിപക്ഷം വിളിച്ചുകൂവും; അതു കേള്‍ക്കുമ്പോള്‍ ജനത്തിനും സംശയമാവും. എന്നാല്‍ പൊതുജനം കുറച്ചു ദിവസം ദുരിതം അനുഭവിച്ചാല്‍ ചാര്‍ജ്ജ് എത്ര കൂടിയാലും കുഴമില്ല, സമരം ഒന്നു ഒഴിവായിക്കിട്ടിയാല്‍ മതി എന്നു വിലപിക്കുവാന്‍ തുടങ്ങും. അത്തരത്തില്‍ ജനങ്ങളെ ഒന്നു പരുവപ്പെടുത്തിയെടുക്കാനാണു ഈ പതിവു കലാപരിപാടി. കേട്ടിട്ടില്ലേ: ‘പൊതുജനം കഴുത’.

Thursday, May 22, 2008

മാല്‍തൂഷ്യന്‍ സിദ്ധാന്തം മനുഷ്യനും ബാധകം

പണ്ട് ഡിഗ്രിക്ലാസ്സുകളില്‍ മാല്‍തൂഷ്യന്‍ തിയറി പഠിച്ചതായി ഓര്‍ക്കുന്നു. ഏതെങ്കിലും ഒരു വര്‍ഗ്ഗത്തില്‍പെട്ട ജീവജാലങ്ങള്‍ അമിതമായി പെരുകുകയാണെങ്കില്‍ അവയേ നിയന്ത്രിക്കുവാനായി പ്രകൃതിയുടെ സ്വന്തമായ ചില നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പ്രകൃതിക്ഷോഭം, ഭക്ഷ്-യക്ഷാമം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയാണ് ഇത്തരം നിയന്ത്രണം നടപ്പിലാക്കുന്നത്. മനുഷ്യവര്‍ഗ്ഗം മാത്രമാണു ഇതിനൊരു അപവാദമായി തുടരുന്നത്. ബുദ്ധിപരമായ മുന്നോക്കാവസ്ഥ മുതലെടുത്തുകൊണ്ട് നടത്തിയ വളര്‍ച്ചയാണ് ഇതിനു കാരണം. പക്ഷെ ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്കുകാണ്ടാല്‍ നമുക്കും വലിയ രക്ഷയൊന്നുമില്ല എന്നാണു തോന്നുന്നത്, അതായത് നമ്മളും ഈ നിയമത്തിനു വിധേയരാണ്. ലോകമൊട്ടുക്ക്, പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലെ ഉയര്‍ന്ന ജനസംഖ്യയും, ഭക്ഷ്-യസുരക്ഷയേ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും, ആഗോളതാപനവും, കേട്ടുകേള്‍വിപോലുമില്ലാത്ത പുതിയ പുതിയ രോഗങ്ങളും, പ്രകൃതിയില്‍നിന്നും അകന്നു പോകുന്ന ജീവിതരീതികളും എല്ലാം നമ്മളേയും ഈ പ്രകൃതിനിയമത്തിനു വിധേയരാക്കാനാണു സാധ്യത എന്നു തോന്നുന്നു. ഡൈനസോറുകള്‍ക്കു സംഭവിച്ചത് നമുക്കും സംഭവിക്കാതിരിക്കട്ടെ.

Tuesday, May 20, 2008

പുതുതലമുറ സ്വാമിമാര്‍ക്ക് ഇപ്പോള്‍ കഷ്ടകാലം

പയറ്റിത്തെളിഞ്ഞ പഴയ സ്വാമിമാരുടേയും അമ്മമാരുടേയും പോലെയല്ല (അവരേ തൊടന്‍ ആരും ധൈര്യപ്പെടില്ല); പുതിയ തലമുറയില്‍പെട്ട സ്വാമിമാര്‍ക്ക് ഇപ്പോള്‍ ഒരു കഷ്ടകാലമാണ്. ശിഷ്യഗണങ്ങളുടെ വിവിധ പ്രശ്നങ്ങളില്‍ മുഴുകിപോയതിനിടക്കു അവര്‍ക്കു കഷ്ടകാലം വന്നുചാടിയത് ആരും കണ്ടില്ല. അതുകൊണ്ട് ഉടനേതന്നെ ഒരു ശക്തമായ സംഘടന തട്ടിക്കൂട്ടി, വേണമെങ്കില്‍ അഖിലകേരള ചെറുകിട സ്വാമി ക്ഷേമ സംഘടന എന്നോ മറ്റോ പേരും നല്‍കാം, ധാരാളം പണമിറക്കന്‍ സൌകര്യമുള്ളതുകൊണ്ടും രാഷ്ട്രീയക്കാര്‍, പോലീസുകാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ എന്നിവരെ സ്വാധീനിക്കാനും സൌകര്യമാണ്. ഒത്താല്‍ ഭരണരംഗത്തും ഒന്നു പയറ്റി നോക്കാം. ഉടനേ എന്തെങ്കിലും ചെയ്തേ പറ്റൂ...