Sunday, February 27, 2011

വര്‍ത്തമാനകാലത്തെ മലയാളിയുടെ രണ്ടു വ്യത്യസ്ധ മുഖങ്ങള്‍

കഴിഞ്ഞ ആഴ്ചത്തെ പത്രങ്ങളില്‍ കുറേ വാര്‍ത്തകളില്‍ നിന്നും രണ്ടെണ്ണത്തിലേക്കാണു ഞാന്‍ വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കന്‍ ആഗ്രഹിക്കുന്നത്. വര്‍ത്തമാനകാലത്തെ മലയാളിയുടെ സ്വഭാവത്തിന്റെ രണ്ട് അറ്റങ്ങളാണ് ഈ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നത്. ആദ്യത്തെ വാര്‍ത്ത നമുക്ക് എല്ലവര്‍ക്കും ഒരു ഉദാത്ത മാതൃകയാണ്. വിഗാര്‍ഡ് എന്ന ബിസിനസ്സ് സാമ്രാജ്യത്തിന്റെ ചെയര്‍മാനായ ശ്രീമാന്‍ ചിറ്റിലപ്പള്ളിയാണ് വാര്‍ത്താപുരുഷന്‍, അദ്ദേഹം ഒരു പരിചയവുമില്ലാത്ത ഒരു വ്യക്തിക്കു സ്വന്തം വൃക്കകളില്‍ ഒരെണ്ണം സ്വമനസ്സാലെ ദാനം ചെയ്ത് നല്ലൊരു പ്രവണതയ്ക്കു തുടക്കമിട്ടു. വൃക്ക ദാനം ലഭിച്ച വ്യക്തിയുടെ അടുത്തബന്ധു മറ്റൊരു രോഗിക്കു സ്വന്തം വൃക്ക ദാനം ചെയ്യുക, ആ രോഗിയുടെ ഒരടുത്ത ബന്ധുവും ഇതാവര്‍ത്തിക്കുക. അങ്ങനെ ദൈവീകമായ ചങ്ങലക്കാണ് അദ്ദേഹം തുടക്കമിട്ടത്. സ്വന്തം വീട്ടുകാരുടെ എതിര്‍പ്പിനേപ്പോലും അവഗണിച്ചാണ് അദ്ദേഹം ഇങ്ങനെ ഒരു ദൌത്യത്തിനു തുടക്കമിട്ടത് ( തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇച്ഛാശക്തിക്കു മുന്നില്‍ ബന്ധുക്കളും പിന്തുണക്കുകയാണു ചെയ്തത്).
അടുത്ത വാര്‍ത്തയില്‍ നമ്മള്‍ കാണുന്നത് മലയാളിയുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നട്ടില്‍ നടന്ന, വായിക്കുമ്പോള്‍തന്നെ തലചുറ്റുന്ന, ഒരു മുഖമാണ്. അത് ഇങ്ങനെ; നാലഞ്ചുവര്‍ഷം നിയമം മാത്രം പഠിച്ച് വക്കീലായ യുവ ദമ്പതികളുടെ വീട്ടില്‍ വേലക്കുനിന്നിരുന്ന പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടിയെ, പത്രഭാഷയില്‍ പറഞ്ഞാല്‍, അതീവ ക്രൂരമായി ദ്രോഹിച്ചു കൊന്നതായ വാര്‍ത്ത; ആ പിഞ്ചുകുഞ്ഞിന്റെ ശരീരത്തില്‍ നൂറോളം മുറിവുകള്‍ ഉണ്ടായിരുന്നതായി കണ്ടു. പതിനൊന്നു വയസ്സുകാരിയുടെ ശാരീരിക വളര്‍ച്ച പോലുമില്ലാത്ത ആ കുട്ടി മരണത്തിനു കീഴടങ്ങുന്നതിനു മുന്‍പ് എത്ര യാതനകള്‍ അനുഭവിച്ചിരിക്കും എന്നാലോചിക്കുമ്പോള്‍ മനസ്സാകെ പതറുകയാണ് (മരണത്തിനു മുന്‍പ് ആ കുഞ്ഞ് അനുഭവിച്ച് ദുരിതങ്ങളേ പറ്റി വിശദമായി പത്രങ്ങളില്‍). ഒന്നോര്‍ക്കണം വിദ്യാസമ്പന്നാരാണ് ഇതു ചെയ്തത്; വിദ്യാഭ്യാസം കൊണ്ട് എന്താണ് നമ്മള്‍ എന്നുകൂടെ ഒന്നു വിചിന്തനം ചെയ്യേണ്ടതല്ലെ?

Thursday, February 5, 2009

ബസ്സ് ചാര്‍ജ് കുറച്ചത് ഒരു പുതിയ അത്ഭുതം

പെട്രോളിയം വിലയിലുണ്ടായ വന്‍ തകര്‍ച്ചയേ തുടര്‍ന്നു നമ്മുടെ രാജ്യത്തും മലകയറിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ചെറുതായൊന്നു കുറഞ്ഞിട്ടുണ്ടല്ലോ. അതേ തുടര്‍ന്നു ബസ്സ്, ഓട്ടോ നിരക്കുകളില്‍ കുറവു വരുത്തുവാന്‍ തീരുമാനിച്ചത് ഒരു നല്ല കാര്യമായി തോന്നുന്നു. ഇത്തരം ഒരു പരിപാടി ഇതിനു മുമ്പുണ്ടായതായി കേട്ടിട്ടില്ല. വിലക്കയറ്റം കൊണ്ടു പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്കു ഈ നടപടികൊണ്ട് പറയത്തക്ക മെച്ചമൊന്നും ഇല്ലെങ്കിലും മാനസ്സികമായി ഒരു ആശ്വാസം തന്നെ.

Friday, October 3, 2008

അനിമല്‍ പ്ലാനെറ്റിന്റെ പുതിയ ലോഗോ?

പുതിയ ലോഗോ സാമാന്യം ബോറായിട്ടില്ലേ? പഴയ ലോഗോക്ക് ചാനലിന്റെ സ്വഭാവവുമായി നല്ല താദാത്മ്യം ഉണ്ടായിരുന്നു. കാണാനും ഒരു ഐശ്വര്യമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോക്ക് ഇതു രണ്ടും അവകാശപ്പെടാനില്ല. എന്തുദ്ദേശത്തിലാണ് ഇത്തരം ഒരു മാറ്റം എന്നറിയുന്നില്ല...

Friday, June 13, 2008

നാണയപ്പെരുപ്പം റിക്കാര്‍ഡുകള്‍ ഭേദിക്കട്ടെ

നാണയപ്പെരുപ്പം മുന്‍-റിക്കാര്‍ഡുകള്‍ തകര്‍ത്തു കുതിച്ചുകയറുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ അടുത്ത ആഴ്ചതന്നെ രണ്ടക്കത്തില്‍ എത്തും എന്നാണു പ്രവചനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണു ഇതിനു ഇന്ധനമായതെന്നു പറയുന്നു. കാര്യങ്ങളുടെ പോക്ക് ഈ നിലയ്ക്കാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ മൂന്നാക്കത്തില്‍ എത്തുന്നതുകൂടെ കാണാന്‍ നമുക്കു ഭാഗ്യം ലഭിക്കുമെന്നു കരുതാം.

Monday, June 9, 2008

ബസ്സ് ചാര്‍ജ്ജ് വര്‍ധനക്കു മുന്‍പൊരു പതിവു നാടകം

ഉപ്പുതൊട്ടു കര്‍പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വില കത്തിനില്‍ക്കുന്നതിനിടക്കു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുകൂടെ വില ഉയര്‍ന്നതോടുകൂടി ബസ്സ് ചാര്‍ജ്ജുവര്‍ധനയോടനുബന്ധിച്ചുള്ള ഒരു പതിവു നാടകത്തിനു കൂടെ അരങ്ങൊരുങ്ങുകയാണ്. പതിവുപോലെ ആദ്യം ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ഒന്നുരണ്ടാഴ്ചക്കകം തന്നെ പ്രതീക്ഷിക്കാം. തുടര്‍ന്നു 2-3 ആഴ്ചകള്‍ക്കു ശേഷം അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കു തുടങ്ങുകയായി. അത് ഏകദേശം 10-14 ദിവസം (മുന്‍പെല്ലാം 4-5 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ) തുടരും. അവസാനം സര്‍ക്കാരും ബസ്സുടമകളും ‘ജനങ്ങളുടെ’ ബുദ്ധിമുട്ടൊഴിവാക്കാന്‍ പരസ്പരം കണ്ടമാനം വിട്ടുവീഴ്ചകള്‍ക്കു വഴങ്ങി നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പത്രങ്ങളിലേക്കായി ഒരു ഫോട്ടോവിനു പോസുചെയ്ത് പിരിയും. ഇത് കഴിഞ്ഞ 10 വര്‍ഷത്തോളമായി സ്ഥിരമായി അരങ്ങേറാറുള്ളതാണ്. ഇത്തരം ഒരു അഭ്യാസത്തിനു പകരം ബസ്സുടമകളും മന്ത്രിയും പരിവാരങ്ങളും കൂടെ ചര്‍ച്ചചെയ്ത് ഒരു ന്യായമായ നിരക്കുവര്‍ധന നടപ്പാക്കുകയാണെങ്കില്‍ ഇത്രയും ദിവസത്തെ ജനങ്ങളുടെ ദുരിതം ഒഴിവാക്കാമായിരുന്നു. പക്ഷെ അപ്പോള്‍ മന്ത്രി ബസ്സുടമകളുടെ കയ്യില്‍ നിന്നും കോഴവാങ്ങി ചാര്‍ജ്ജുവര്‍ദ്ധനക്കു കൂട്ടുനിന്നു എന്നു പ്രതിപക്ഷം വിളിച്ചുകൂവും; അതു കേള്‍ക്കുമ്പോള്‍ ജനത്തിനും സംശയമാവും. എന്നാല്‍ പൊതുജനം കുറച്ചു ദിവസം ദുരിതം അനുഭവിച്ചാല്‍ ചാര്‍ജ്ജ് എത്ര കൂടിയാലും കുഴമില്ല, സമരം ഒന്നു ഒഴിവായിക്കിട്ടിയാല്‍ മതി എന്നു വിലപിക്കുവാന്‍ തുടങ്ങും. അത്തരത്തില്‍ ജനങ്ങളെ ഒന്നു പരുവപ്പെടുത്തിയെടുക്കാനാണു ഈ പതിവു കലാപരിപാടി. കേട്ടിട്ടില്ലേ: ‘പൊതുജനം കഴുത’.