Friday, June 13, 2008

നാണയപ്പെരുപ്പം റിക്കാര്‍ഡുകള്‍ ഭേദിക്കട്ടെ

നാണയപ്പെരുപ്പം മുന്‍-റിക്കാര്‍ഡുകള്‍ തകര്‍ത്തു കുതിച്ചുകയറുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ അടുത്ത ആഴ്ചതന്നെ രണ്ടക്കത്തില്‍ എത്തും എന്നാണു പ്രവചനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റമാണു ഇതിനു ഇന്ധനമായതെന്നു പറയുന്നു. കാര്യങ്ങളുടെ പോക്ക് ഈ നിലയ്ക്കാണെങ്കില്‍ സമീപ ഭാവിയില്‍ തന്നെ മൂന്നാക്കത്തില്‍ എത്തുന്നതുകൂടെ കാണാന്‍ നമുക്കു ഭാഗ്യം ലഭിക്കുമെന്നു കരുതാം.

Monday, June 9, 2008

ബസ്സ് ചാര്‍ജ്ജ് വര്‍ധനക്കു മുന്‍പൊരു പതിവു നാടകം

ഉപ്പുതൊട്ടു കര്‍പൂരം വരെയുള്ള എല്ലാ സാധനങ്ങള്‍ക്കും വില കത്തിനില്‍ക്കുന്നതിനിടക്കു പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുകൂടെ വില ഉയര്‍ന്നതോടുകൂടി ബസ്സ് ചാര്‍ജ്ജുവര്‍ധനയോടനുബന്ധിച്ചുള്ള ഒരു പതിവു നാടകത്തിനു കൂടെ അരങ്ങൊരുങ്ങുകയാണ്. പതിവുപോലെ ആദ്യം ഒരു ദിവസത്തെ സൂചനാ പണിമുടക്ക് ഒന്നുരണ്ടാഴ്ചക്കകം തന്നെ പ്രതീക്ഷിക്കാം. തുടര്‍ന്നു 2-3 ആഴ്ചകള്‍ക്കു ശേഷം അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കു തുടങ്ങുകയായി. അത് ഏകദേശം 10-14 ദിവസം (മുന്‍പെല്ലാം 4-5 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ) തുടരും. അവസാനം സര്‍ക്കാരും ബസ്സുടമകളും ‘ജനങ്ങളുടെ’ ബുദ്ധിമുട്ടൊഴിവാക്കാന്‍ പരസ്പരം കണ്ടമാനം വിട്ടുവീഴ്ചകള്‍ക്കു വഴങ്ങി നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് പത്രങ്ങളിലേക്കായി ഒരു ഫോട്ടോവിനു പോസുചെയ്ത് പിരിയും. ഇത് കഴിഞ്ഞ 10 വര്‍ഷത്തോളമായി സ്ഥിരമായി അരങ്ങേറാറുള്ളതാണ്. ഇത്തരം ഒരു അഭ്യാസത്തിനു പകരം ബസ്സുടമകളും മന്ത്രിയും പരിവാരങ്ങളും കൂടെ ചര്‍ച്ചചെയ്ത് ഒരു ന്യായമായ നിരക്കുവര്‍ധന നടപ്പാക്കുകയാണെങ്കില്‍ ഇത്രയും ദിവസത്തെ ജനങ്ങളുടെ ദുരിതം ഒഴിവാക്കാമായിരുന്നു. പക്ഷെ അപ്പോള്‍ മന്ത്രി ബസ്സുടമകളുടെ കയ്യില്‍ നിന്നും കോഴവാങ്ങി ചാര്‍ജ്ജുവര്‍ദ്ധനക്കു കൂട്ടുനിന്നു എന്നു പ്രതിപക്ഷം വിളിച്ചുകൂവും; അതു കേള്‍ക്കുമ്പോള്‍ ജനത്തിനും സംശയമാവും. എന്നാല്‍ പൊതുജനം കുറച്ചു ദിവസം ദുരിതം അനുഭവിച്ചാല്‍ ചാര്‍ജ്ജ് എത്ര കൂടിയാലും കുഴമില്ല, സമരം ഒന്നു ഒഴിവായിക്കിട്ടിയാല്‍ മതി എന്നു വിലപിക്കുവാന്‍ തുടങ്ങും. അത്തരത്തില്‍ ജനങ്ങളെ ഒന്നു പരുവപ്പെടുത്തിയെടുക്കാനാണു ഈ പതിവു കലാപരിപാടി. കേട്ടിട്ടില്ലേ: ‘പൊതുജനം കഴുത’.