Wednesday, March 19, 2008

ഒരു വോട്ടുചെയ്യുമ്പോള്‍...

ടാറ്റാ ടീയുടെ ഒരു പരസ്യം ഈയിടെ ടീവിയില്‍ കണ്ടു. ഒരു പ്രാവശ്യം മാത്രമെ അതു കാണുവാന്‍ പറ്റിയുള്ളു എങ്കിലും അതിലെ ആശയം എന്നെ പെട്ടെന്നു ആകര്‍ഷിച്ചു. സിനിമാസ്കോപ്പില്‍ ചിരിച്ചുകൊണ്ടു വന്നു വോട്ടു ചോദിച്ചുവരുന്ന ഒരു സ്ഥാനാര്‍ഥിയോട് ഒരു വോട്ടര്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസയോഗ്യതയേപറ്റി ചോദിക്കുന്നതും സ്ഥാനാര്‍ഥി പതിവുപോലെ ഉരുണ്ടുകളിക്കുന്നതും അപ്പോള്‍ നമ്മുടെ വോട്ടര്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെപ്പറ്റി ഒരു വിശദീകരണം നല്‍കുന്നതുമാണ് പരസ്യത്തിന്റെ ഏകദേശ രൂപം. ഈ കൊച്ചു പരസ്യത്തിലെ ആശയം നമ്മുടെയെല്ലം കണ്ണു തുറപ്പിക്കേണ്ടതാണ്. ഏതെങ്കിലും ഒരു കൊടിയുടെ കീഴില്‍ മത്സരക്കളരിയില്‍ ഇറങ്ങുന്ന ഏതു മണ്ടനും വോട്ട് ചോദിക്കനും നാം ഇടംവലം നോക്കതെ നല്‍കാന്‍ ബാധ്യസ്ഥനും ആണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇതിനൊരു മാറ്റം വരണം. ഒന്നുകില്‍ വോട്ടര്‍മാരായ നാം കുറേക്കൂടെ പക്വത വോട്ട് നല്‍കുമ്പോള്‍ കാണിക്കണം. അല്ലെങ്കില്‍ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമായ ഒരു മാര്‍ഗ്ഗരേഖ നടപ്പിലാക്കണം. അതിനു ശേഷനേപോലെ ഒരു കടുവതന്നെ വരണം.
കൂടതെ വോട്ടിങ്ങ് ശതമാനത്തിന്റെ കാര്യത്തിലും ഒരു നയം വേണ്ടതുണ്ട്. ഇപ്പോഴത്തെ നിലക്ക് ഒരു തെരഞ്ഞെടുപ്പില്‍ 60% പേര്‍ വോട്ടു ചെയ്യുകയും അതില്‍ നാലു സ്ഥാനാര്‍ത്ഥികള്‍ക്കായി മൊത്തം വോട്ടിന്റെ 25%, 20%, 10%, 5% എന്നിങ്ങനെ വോട്ടു വീതിക്കുകയും ചെയ്താല്‍ വെറും കാല്‍ഭാഗം ജനങ്ങളുടെ താല്പര്യം മാത്രമാണ് ഫലം കാണുന്നത്. 95% പോളിംഗ് എങ്കിലും നടന്നാലേ സാധുവായി കണക്കാക്കുകയുള്ളു എന്ന ഒരു നിയമമുണ്ടെങ്കില്‍ സ്ഥാനാര്‍ഥികള്‍തന്നെ ഓടിനടന്നു പരമാവധി വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുകയും തന്മൂലം വ്യക്തമായ ഒരു ജനാഭിപ്രായം ഉരുത്തിരിഞ്ഞു വരുകയും ചെയ്യും. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കള്ളവോട്ടുമൂലം ഇത് അത്ര ഫലപ്രദമാകില്ലെങ്കിലും കാലം കൊണ്ട് അവിടേയും ഗുണം കിട്ടും, ഇവിടെയാണു വിദ്യാഭ്യാസത്തിന്റെ പ്രസക്തി. ചില വിദേശരാജ്യങ്ങളിലേ പോലെ വോട്ടിങ് പൌരന്റെ നിയമപരമായ ഒരു കടമയായി നിയമം കൊണ്ടു വന്നാലും സ്തിതിഗതികള്‍ മെച്ചപ്പെടുത്താം. ക്യൂ നിന്നു വോട്ടുചെയ്യുന്നത് ഒരു ദുരഭിമാനമായി കണക്കാവര്‍ക്കായി ഇന്റെര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുന്നതും നല്ലതാണ്. പ്രവാസികള്‍ക്കും ഇതു ഗുണം ചെയ്യും.